
സിനിമയില്‍ പ്രധാനമായും കല്ലുകടിച്ചത് ശിവന്‍കുട്ടിയുടെ ഫ്‌ളാഷ് ബാക്കിലായിരുന്നു. ഭൂമികയെ ഒരു മുണ്ടും ബ്ലൗസും ധരിപ്പിച്ച് പാട്ടുപാടിപ്പിച്ചതെന്നു പോലും ചോദിക്കേണ്ടി വരുന്നു.
അനില്‍ പനച്ചൂരാന്റെ വരികളും മോഹന്‍സിത്താരയുടെ സംഗീതവും ചിത്രത്തില്‍ പിഴച്ചില്ല. ``അണ്ണാറക്കണ്ണാ വാ..'' ``കുഴലൂതും പൂന്തെന്നലില്‍..'' എന്നീ പാട്ടുകളും ലാളിത്യമാര്‍ന്ന ഗാനങ്ങള്‍ നശിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണുണ്ടാക്കുന്നത്. മുഴുനീള റോഡ് മൂവിയായിരിക്കുന്ന ഒരു ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുകയെന്നത് ഏതൊരു ഛായാഗ്രാഹകനും ഒരു വെല്ലുവിളിയാണ്. ചിലയിടങ്ങളിലെ എഫക്‌ടുകളുടെ സഹായത്തോടെയാണെങ്കിലും ഹൈറേഞ്ചിലെ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയും തിരക്ക് പിടിച്ച നഗരവീഥികളിലൂടെയുമുള്ള യാത്രകള്‍ അവിസ്‌മരണീയമായ അനുഭവമാക്കുന്ന കാഴ്‌ചകളാണ് അജയന്‍ വിന്‍സെന്റ് പകര്‍ത്തിയിരിക്കുന്നത്. ബ്ലെസിയുടെ കെട്ടുറപ്പുള്ള തിരക്കഥ പക്ഷേ ചിത്രത്തില്‍ പലയിടത്തും നഷ്‌ടപ്പെട്ടു. പലപ്പോഴും ക്ലൈമാക്‌സിനായി കാത്തിരിപ്പിക്കുന്ന സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്റെ കഥയും പിഴച്ചു. ഇടവേള കഴിയുമ്പോഴേക്കും സിനിമയുടെ അവസാനം എങ്ങിനെയായിരിക്കുമെന്ന് പ്രേക്ഷകന് ഊഹിച്ചെടുക്കാം. മോഹന്‍ലാലിന്റെ പരിചിതമല്ലാത്ത പുതിയ മുഖവും അഭിനയവുമാണ് തിയ്യേറ്റര്‍ വിടാതിരിക്കാന്‍ പ്രേക്ഷകനെ സഹായിക്കുന്നത്. ചിലയിടത്തെല്ലാം പിഴച്ചു പോയെങ്കിലും നിലം തൊടാതെ കുറേനാള്‍ പറന്നു നടന്ന മോഹന്‍ലാലിനെ പച്ചമനുഷ്യനാക്കിയ ചിത്രം ആണ് ഭ്രമരം .